Wednesday, May 13, 2020

Thursday, April 30, 2020

ഭീതി പടർത്തുന്ന വൈറസ്

സ്നേയ.സി
7B
കവിത
ലോകം മുഴുവൻ ഭീതി പടർത്തും
കൊറോണ എന്നൊരു വൈറസ്
 കോവിഡ് നയന്റീൻ എന്നാണല്ലൊ ഇതിൻ നാമം
 കൈകൾ നന്നായി കഴുകിടേണം
 മാസ്ക്ക്കൾ നമ്മൾ ധരിക്കേണം
 അകലം നമ്മൾ പാലിക്കേണം
 വ്യക്തി ശുചിതം 
 പാലിക്കൂ.... 
 ഒരുമയോടെ നില്കേണം നാം
 ഒന്നിച്ചൊന്നായ്  പോരാടേണം 
 ആരോഗ്യ വകുപ്പിൻ വാക്കുകൾ കേൾക്കൂ... 
 നമ്മുടെ സർകാരിൻ നിയമങ്ങൾ പാലിക്കൂ... 
 തുരത്തീടാം നമുക്കൊന്നിച്ചിതിനെ
 അതിജീവിക്കാം നമ്മൾക്ക്  തുരത്തിടാം നമുക്കൊന്നിച്ചിതിനെ  അതിജിവിക്കാം നമ്മൾക്ക്.
ആര്യ
7B

Wednesday, April 29, 2020

ഒരു അമ്മയുടെ നൊമ്പരം

വന്ദനസുരേഷ്.കെ
7B
(കവിത)

ആറ്റു നോറ്റു ജന്മം നൽകി-
പിഞ്ചോമനേ നിന്നെ ഞാൻ .....
വീട്ടിലും നാട്ടിലും-
കണ്ണിലുണ്ണിയെൻ മകളേ.
ഓരോ ദിവസം കഴിയുമ്പോഴു-
നോക്കി നിൽക്കും നിൻ പുഞ്ചിരിഞാൻ.
മാസം ഏറെ ആകുവാൻ- നീ  നിന്നില്ല എൻ മകളേ....
രണ്ടു ദിവസം കാത്തിരുന്നി- ഞാൻ
നിന്നെ ഒരു നോക്കു കാണു വാൻ.
കൊറോണ - എന്നൊരു രോഗം വന്നു- നീ
ഈ ലോകത്തോട് വിട പറഞ്ഞുപോയി.....
ആറ്റു നോറ്റു ജന്മംനൽകി- പിഞ്ചോമനേ നിന്നെഞാൻ. .....
വീട്ടിലും നാട്ടിലും-
കണ്ണിലുണ്ണിയെൻ മകളേ.

Tuesday, April 21, 2020

ലോക്ക് ഡൗൺ

മുഹമ്മദ് ശുറൈഫ്.V
7B
കിഴക്കൻ ചക്രവാളത്തിൻ സൗര്യൻ ഉദിച്ചുയർന്നു. അയാൾ ഉറക്കച്ചടവോടെ എഴുന്നേറ്റു.പ്രാഥമിക കർമ്മങ്ങൾക്ക് ശേഷം ചായ കുടിച്ചു.ടിവി തുറന്നു.വാർത്താ ചാനലിന്മേൽ റിമോട്ട് ഞെക്കി." ഇന്ന് ലോക്ക് ഡൗൺ,കട കമ്പോളങ്ങളും പൊതുഗതാഗതവും നിരോധിച്ചു. ജനങ്ങൾ വീട്ടിലിരിക്കുക, അവശ്യ സേവനങ്ങൾക്ക് മാത്രം പുറത്തിറങ്ങാം." അയാൾ ടിവി ഓഫ് ചെയ്ത് സിറ്റൗട്ടിലേക്കിറങ്ങി. അവിടെ വെറുതെ ഇരുന്നാലോചിച്ചു: കൊറോണ വരുത്തി വച്ചൊരു വിന. കടകളും തുറക്കില്ല, റോഡിലേക്കിറങ്ങാനും പറ്റില്ല." പത്രവിതരണക്കാ രൻ മുറ്റത്ത് പത്രമിട്ട് വന്നവഴിയേ തിരിച്ചു പോയി. പത്രത്തിലും അതേ വാർത്ത "രാജ്യത്ത് 21 ദിവസത്തേക്ക് ലോക്ക് ഡൗൺ" പത്രം മടക്കി വെച്ച് അയാൾ അങ്ങാടിയിലേക്കിറങ്ങി. അവിടെയെങ്ങും ഒരാളെ പോലും കാണാനില്ല. കടകളെല്ലാം അടഞ്ഞ് കിടക്കുന്നു. അയാൾ മനം മടുത്ത് വീട്ടിലേക്ക് തന്നെ മടങ്ങി. ഉച്ചയായി, ഭാര്യ കഞ്ഞിയും ചക്കത്തോരനും തന്നിലേക്ക് നീക്കി. അയാൾ അത്ഭുതപ്പെട്ടു, കാരണമുണ്ട്, എന്നും ചോറും ഇറച്ചിയും മീനുമൊക്കെ ഉണ്ടാകുന്ന സ്ഥാനത്താണ് കഞ്ഞിയും ചക്കത്തോരനും കൊണ്ട്‌ വച്ചത്. അയാൾ ചോദിച്ചു: എന്തായിത്? അവൾ പറഞ്ഞു: ഇവിടെ ഒരു സാധനവുമില്ല.അപ്പുറത്തെ വീട്ടിലെ ഇത്തതന്ന ചക്കയാ തോരൻ വച്ചത്. അയാൾ ആത്മഗതം ചെയ്തു:" ഇനി എന്നും ചക്കത്തോരൻ കഴിക്കേണ്ടി വരും, ലോക്ക് ഡൗണല്ലേ കടകളും തുറക്കില്ല" അയാളുടെ ഓർമകൾ വർഷങ്ങൾ പിറകോട്ടു പോയി. അന്ന് ഇത് തന്നെയായിരുന്നു എന്നും. എപ്പോഴും കഞ്ഞിയും എന്തെങ്കിലും തോരൻ വച്ചതോ ഉണ്ടാവും. ചേമ്പോ ചേനയോ ചക്കയോ കൊണ്ട് ഉണ്ടാക്കിയ ഒന്ന് നുണക്കാൻ മാത്രം ലഭിക്കുന്ന തോരൻ.ഹൗ... എന്തായിരുന്നു അതിന്റെയൊക്കെ രസം. നേർച്ചകളും കല്യാണങ്ങളും സന്തോഷമായിരുന്നു. ആകെ വയറ് നിറച്ച് ചോറ് ലഭിക്കുന്ന ദിനങ്ങൾ. എങ്കിലും കഷ്ടപ്പാടറിയിക്കാതെഅക്കാലത്ത് മാതാപിതാക്കൾ ഞങ്ങളെ വളർത്തി വലുതാക്കി." ആലോചനകൾക്കിടയിൽ കഞ്ഞിതന്റെ മുന്നിലുള്ളത് അയാൾ മറന്നു. കഞ്ഞി വേഗം കുടിച്ച് തീർത്ത് അയാൾ സിറ്റൗട്ടിൽ ചെന്നിരുന്നു. ആലോചനയിൽ മുഴുകി. "കൊറോണ നമ്മളെ പഴയ കാലത്തേക്ക് തന്നെ തിരിച്ചു കൊണ്ടുപോവുകയാണോ. ആരുടെ കൈയിലും ഒന്നുമില്ല. ഇനി എന്തൊക്കെയാണാവോ വരാൻ പോവുന്നത്. ആർക്കറിയാം.ഹാ. കഷ്ടം" ആലോചനകളിൽ മുഴുകി അയാൾ സ്വയം ഒരു പ്രതിമയായി.

Thursday, April 16, 2020

ലോകത്തെ നടുക്കിയ മഹാമാരി

വന്ദന സുരേഷ് കെ
7B
ഒരു വിഷുക്കാലം, വിട്ടിൽ വിഷുവിൻ്റെ ആഘോഷങ്ങൾ ഒന്നും തന്നെ കാണാത്തതു കൊണ്ട് കൊച്ചൂട്ടൻ അമ്മൂമ്മയോട് ചോദിച്ചു" എന്താ അമ്മൂമ്മേ നമ്മുടെ വീട്ടിൽ വിഷു ആഘോഷിക്കുന്നില്ലേ?എനിക്ക് ഇഷ്ട്ടമുള്ള പടക്കവും പൂത്തിരിയൊന്നും വാങ്ങുന്നില്ലേ." അമ്മൂമ്മ തൻ്റെ സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കിപ്പിടിച്ച് ചെറുപുഞ്ചിരിയുമായി കൊച്ചൂട്ടൻ്റ അടുത്തുവന്നു പറഞ്ഞു. "അച്ഛനും അമ്മയും ദുബായിയിൽ നിന്നും വരേണ്ടേ? ഇപ്പോൾ ലോക്ഡൗൺ ആയതു കൊണ്ട് ആർക്കും പുറത്തിറങ്ങാൻ പറ്റില്ല.മാത്രമല്ല പടക്ക കടകളും ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ് പിന്നെ നമ്മുടെ അപ്പൂപ്പനും  ആശുപത്രിയില്ലല്ലേ?"കൊച്ചൂട്ടന് അപ്പോഴാണ് ഒരു സംശയം ഉണർന്നത്. അവൻ അമ്മൂമ്മയോട് ചോദിച്ചു എന്താ അമ്മൂമ്മേ ഈ കൊറോണയും ലോക്ക്ഡൗണും? അമ്മൂമ്മ തൻ്റെ കൊച്ചുമകന് നമ്മുടെ ലോകത്ത് വലിയൊരു ദുരന്തം സൃഷ്ട്ടിച്ച കൊറോണ മഹാമാരിയെ കുറിച്ച് പറഞ്ഞ് മനസിലാക്കി കൊടുത്തു.
ഇതെല്ലാം വളരെ ശ്രദ്ധാപൂർവം കേട്ട്കൊണ്ടിരുന്ന കൊച്ചൂട്ടൻ"അപ്പൂപ്പനും കൊറോണയാണോ എന്ന്".ഇല്ല മോനേ,അപ്പൂപ്പന് ചെറിയ ഒരു പനി ആയതുകൊണ്ടല്ലേ ആശുപത്രിയിലാക്കിയത്. നമ്മളിനി എന്ന അമ്മൂമ്മേ അപ്പൂപ്പനെ കാണാൻ പോവ്വാ? അപ്പൂപ്പനെ കാണാൻ കൊതിയായി എനിക്ക് "കൊച്ചൂട്ടൻ സങ്കടത്തോടെ പറഞ്ഞു.
കരച്ചിൽ ഒതുക്കി പിടിച്ച് അമ്മൂമ്മ കൊച്ചുമകനെ ആശ്വസിപ്പിക്കാൻ തുടങ്ങി.ആശുപത്രിയിൽ ഒക്കെ കൊറോണയുള്ള ആളുകളാണ്.ചെറിയ കുട്ടികളെയും കൊണ്ട് ആശുത്രിയിലേക്ക് ചെല്ലണ്ട എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് അപ്പൂപ്പന് പനിമാറിയ ഉടനെ വരില്ലേ വീട്ടിലേക്ക് അപ്പൂപ്പൻ്റെ കൊച്ചൂട്ടനെ കാണാന്.കുഞ്ഞ് സങ്കടപെടേണ്ട ട്ടോ.

എല്ലാവരും വന്നിട്ട് നമുക്ക് വിഷു ആഘോഷിക്കാലോ. കൊച്ചൂട്ടന് ഇഷ്ട്ടമുള്ള പടക്കവും പൂത്തിരിയും ഒക്കെ വാങ്ങണം.നല്ല സദ്യ ഉണ്ടാക്കണം പിന്നെ പുത്തൻ കുപ്പായം വാങ്ങണം നമുക്ക് അടിച്ചു പൊളിക്കണം കൊച്ചൂട്ടാ...
കൊച്ചൂട്ടന് ഇത് കേട്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി. പക്ഷേ, അപ്പൂപ്പനെ ഓർക്കുമ്പോൾ സങ്കടമാണ് വരുന്നത്.അപ്പൂപ്പൻ ആശുപത്രിയിൽ ഒറ്റക്കല്ലെ? ഭക്ഷണം ഒക്കെ കഴിച്ചോ എന്തൊക്കെയാണാവോ?
അപ്പോഴും കൊച്ചൂട്ടന് അറിയില്ലായിരുന്നു അപ്പൂപ്പനും കൊറോണ യാണ് എന്നുള്ളത്.താനും അമ്മൂമ്മയും നിരീക്ഷണത്തിലാണെന്നും ഞങ്ങൾക്കും ഈ കൊറോണ വരാൻ സാധ്യതയുണ്ടെന്നും.

കൊച്ചൂട്ടൻ്റെ മുന്നിൽ സന്തോഷത്തോടെയിരിക്കുന്ന അമ്മൂമ്മ അവനെ കാണാതെ ഒരു പാട് കരയാറുണ്ട് ഞാനും കുട്ടിയും തനിച്ചാകുമല്ലോ എന്നോർത്ത് സമാധാനത്തോടെ ഒന്നുറങ്ങാൻ പോലും കഴിയാതെയായി.
രാവിലെ ഫോൺ ബെല്ലടി കേട്ട് കൊച്ചൂട്ടൻ ഓടിചെന്നു അമ്മൂമ്മയോട് പറഞ്ഞു"അമ്മൂമ്മേ ഫോൺ അടിക്കുന്നു അപ്പൂപ്പൻ അസുഖം മാറിയത് പറയാൻ വിളിക്കുന്നതായിരിക്കും".
അമ്മൂമ്മ ഓടിവന്ന് ഫോൺ എടുത്തു അത് സേതുവായിരുന്നു കൊച്ചൂട്ടൻ്റെ അച്ഛൻ.അവർ പരസ്പരം വിശേഷങ്ങളൊക്കെ തിരക്കി. അതിനിടയിലാണ് സേതു പറഞ്ഞത് "കസ്തൂരിക്ക് കൊറോണയാണമ്മേ" എന്ന്.അമ്മൂമ്മയുടെ ഉള്ളിൽ വലിയൊരു ഞെട്ടാലാണ് ആദ്യം ഉണ്ടായത്. അമ്മൂമ്മക്ക് തലയാകെ പെരുത്തുകേറി തലയിലെന്തോ വലിയൊരു ഭാരം കയറ്റിവച്ചതുപോലെ തോന്നി. വീഴാതിരിക്കാൻ ചുമരിനോട് ചേർന്ന് നിന്നു. ഇതൊന്നും അറിയാതെ കൊച്ചുട്ടൻ അടുത്തും.
അമ്മേ... ഹലോ... അമ്മേ സേതു വീണ്ടും വിളിച്ചുകൊണ്ടേയിരുന്നു.അമ്മ സങ്കടം ഉള്ളിൽ ഒതുക്കിപിടിച്ച് സേതുവിനോട് പറഞ്ഞു."അച്ഛനും കൊറോണ തന്നെയാ.ആശുപത്രിയിൽ അഡ്മിറ്റാണ്.ഞാൻ കൊച്ചൂട്ടനെ ഒന്നും അറിയിച്ചിട്ടില്ല നീയും ഒന്നും പറയണ്ട.ഇത് പറഞ്ഞതും ഫോൺ ഓഫായി.

ഡോക്ടർമാർ ദിവസവും വിളിക്കാറുണ്ട്.അവർ എല്ലാ കാര്യവും പറയാറുണ്ട്.അന്ന് ഡോക്ടർ വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ ശബ്ദത്തിന് എന്തോ വല്ലായ്മ തോന്നി.കാര്യം അന്വേഷിച്ചപ്പോൾ അപ്പൂപ്പന് അസുഖം സീരീസ് ആണെന്നു പറഞ്ഞു.ഇതുകേട്ട് അമ്മൂമ്മയുടെ മനസ്സാകെ തളർന്നു പോയി.അമ്മൂമ്മയുടെ കൈയിൽ നിന്നും ഫോൺ അറിയാതെ താഴേക്ക് വീണു.കൊച്ചൂട്ടനെ കെട്ടി പിടിച്ച് അമ്മൂമ്മ പൊട്ടികരഞ്ഞു.

ഒന്നും മനസിലാവാതെ അന്തംവിട്ടുനിന്ന കൊച്ചൂട്ടനെ അമ്മുമ്മ ഒരു കള്ളം പറഞ്ഞു സമാധാനിപ്പിച്ചു. പിന്നീട് മൂന്നാലുദിവസത്തിന് ഡോക്ടർ ഒന്നും വിളിച്ചതേയില്ല. അമ്മൂമ്മയ്ക്കാണെങ്കിൽ വിളിക്കാൻ അറിയുകയുമില്ല. അമ്മൂമ്മയും കൊച്ചൂട്ടനും ഡോക്ടർ ഇങ്ങോട്ട് വിളിക്കും എന്നു കരുതി ദിവസങ്ങൾ കഴിച്ചുകൂട്ടി.

പിറ്റേ ദിവസം രാവിലെ ഒരു ഫോൺ കാൾ. ആരാണെന്ന് നോക്കിയപ്പോൾ അത് ഡോക്ടർ ആയിരുന്നു. പേടിയോടെയാണെങ്കിലും ഫോൺ അറ്റൻഡ്  ചെയ്തു വിശേഷങ്ങൾ തിരക്കി.അപ്പോൾ ഡോക്ടർ സന്തോഷത്തോടെ അപ്പൂപ്പന്റെ അസുഖം ഭേദമായി  വരുന്നെന്ന് അറിയിച്ചു. ഒരാഴ്ച്ച കഴിഞ്ഞാൽ  വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാം എന്ന്.  നിങ്ങൾ അപ്പൂപ്പനെ കൊണ്ടുപോകാൻ വരുമ്പോൾ കൊച്ചുമകനെയും കൊണ്ടുവരണം "അത് അദ്ദേഹത്തിന്റെ ആഗ്രഹമാണ്".

ഒരാഴ്ച കഴിഞ്ഞ് കൊച്ചുമകനെയും കൂട്ടി അമ്മൂമ്മ ആശുപത്രിയിൽ ചെന്നപ്പോൾ അവിടെ വലിയൊരു സ്വീകരണം നടക്കുകയായിരുന്നു. അപ്പൂപ്പനെയും അപ്പൂപ്പന്റെ കൂടെ കൊറോണ ബാധിച്ചു കിടന്നിരുന്ന മറ്റ് രണ്ടുപേരെയും അവർ സന്തോഷത്തോടെ യാത്രയാക്കി.
അപ്പൂപ്പൻ അമ്മൂമ്മയുടെയും കൊച്ചുമകന്റെയും കൂടെ വീട്ടിലേക്ക് മടങ്ങി.

Sunday, April 12, 2020

അശ്വിൻ
പൂർവ്വവിദ്യാർഥി

Tuesday, April 7, 2020

ഏപ്രിൽ 7 ലോക ആരോഗ്യ ദിനം

ഷബില കെ
അദ്ധ്യാപിക
ഇന്ന് ഏപ്രിൽ 7 ലോക ആരോഗ്യ ദിനം. 1948 ഈ ദിനത്തിലാണ് ലോക ആരോഗ്യ സംഘടന സ്ഥാപിക്കപ്പെടുന്നത്. ഈ വർഷം ആരോഗ്യത്തിനും  ആരോഗ്യ പരിചരണത്തിനും ലോകം മുഴുവൻ വലിയ ശ്രദ്ധ ലഭിക്കുന്ന ഒരു സമയത്താണ് ഈ വ‍ർഷത്തെ ലോക ആരോഗ്യ ദിനം കടന്ന് പോകുന്നത്.
മുൻപൊരിക്കലും അനുഭവപ്പെടാത്ത ഒരു തരം വിറങ്ങലിച്ച അവസ്ഥയിലാണ് നമ്മുടെ ചുറ്റുപാട്. ലോകത്താകമാനം വ്യാപിച്ചതും ഇനിയും തടഞ്ഞു നിർത്താൻ സാധിക്കാത്തതുമയ കോവിസ് - 19 മഹാമാരിയുടെ ഇരുണ്ട കാലഘട്ടത്തിലാണ് നാം. ആരോഗ്യ പ്രവർത്തകരുടെ മഹനീയ സേവനം സ‍ർവ്വ മനുഷ്യരും ഒരേ സമയം അനുഭവിച്ചു കൊണ്ടിരിക്കുന്ന കാലം. ഏറ്റവും അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യുന്നവരാണ് അവർ. ഈ ദിനം ആരോഗ്യ പ്രവർത്തകർക്കുള്ള ഐക്യദാർഢ്യം സൂചിപ്പിക്കാൻ നമുക്കുപയോഗിക്കാം.

Monday, April 6, 2020

ഹാം റേഡിയോ

മുഹമ്മദ് റാഷിദ്
രക്ഷിതാവ്
നമുക്കെല്ലാം പല വിധത്തിലുള്ള ഹോബികൾ ഉണ്ടായിരിക്കും. എന്നാൽ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച രാജകീയ വിനോദം എന്നറിയപ്പെടുന്ന , ലോക വ്യാപകമായി സുഹൃത്തുക്കളെ നിർമ്മിക്കുന്ന ഒരു ഹോബിയുണ്ട് , ഹാം റേഡിയോ.
സാധാരണ റേഡിയോ കേൾക്കാൻ മാത്രമാണ് സാധിക്കുന്നത് എന്നാൽ അമച്ച്വർ റേഡിയോ എന്നറിയപ്പെടുന്ന ഹാം റേഡിയോ വഴി നമുക്ക് സംസാരിക്കുക കൂടി ആവാം. തീർത്തും സൗജന്യമായും നിയമപരമായ ഒരു വിലക്കുകളോ തടസങ്ങളോ മറ്റു നിയന്ത്രണങ്ങളോ ഇല്ലാതെ ലോകത്തിന്റെ ഏതു കോണിലേക്കും ആശയ വിനിമയം നടത്താം. ബഹിരാകാശത്ത് സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളവരോട് പോലും ഹാം റേഡിയോ വഴി സംസാരിക്കാം.
ലോകത്ത് ഇരുപത്തി എട്ട് ലക്ഷം ആളുകൾ ഹാം റേഡിയോ ഉപയോഗിക്കുന്നു. ഹാം എന്നാണ് ഇവർ അറിയപ്പെടുന്നത്. ഹെർട്സ്, ആംസ്ട്രോങ്ങ്, മാർക്കോണി എന്നീ ശാസ്ത്രജ്ഞരുടെ സ്മരണാർഥം ഇവരുടെ പേരിന്റെ ആദ്യ അക്ഷരങ്ങൾ ചേർത്താണ് HAM എന്ന പേരുണ്ടായത്.
ഒരു മേശപ്പുറത്ത് സ്ഥാപിക്കാവുന്ന ഒരു ചെറു റേഡിയോ സ്റ്റേഷനും റേഡിയോ റിസീവറും ആണ് ഹാം റേഡിയോക്ക് ഉള്ളത്. പന്ത്രണ്ട് വയസ് തികഞ്ഞ ആർക്കും ഹാം ആവാം. ഇതിനായി ഗവൺമെന്റിന്റെ അനുമതി വാങ്ങേണ്ടതും ഒരു ലളിതമായ പരീക്ഷ എഴുതി ജയിക്കേണ്ടതും ഉണ്ട്. ചുരുങ്ങിയ ചിലവിൽ ഹാം റേഡിയോ സംവിധാനമൊരുക്കാൻ നിലവിലുള്ള ഹാം കൂട്ടായ്മകൾ നമ്മെ സഹായിക്കുകയും ചെയ്യും.
കേവലം ഒരു വിനോദം എന്നതിലുപരി നിരവധി  സാമൂഹിക പ്രതിദ്ധതയുള്ള പ്രവർത്തനങ്ങൾ ഹാം റേഡിയോ വഴി ചെയ്തു വരുന്നുണ്ട്. 2004 ൽ സുനാമി ആന്റമാൻ നിക്കോബാർ ദ്വീപുകളെ ഒറ്റപ്പെടുത്തിയപ്പോഴും, 2015 ലെ നേപ്പാൾ ഭൂകമ്പ സമയത്ത് എല്ലാവിധ വാർത്താവിനിമയ സൗകര്യങ്ങ തകരാറായപ്പോഴും ഹാമുകൾ ആണ് രക്ഷകരായി എത്തിയത്. ഇത്തരം അവസരങ്ങളിൽ പുറം ലോകവുമായി ബന്ധപ്പെടാൻ ഹാംറേഡിയോ കൾക്ക് മാത്രമാണ് സാധിക്കുന്നത്. നമ്മുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഹാം റേഡിയോ ഉപയോഗിച്ചിരുന്നു. രാജീവ് ഗാന്ധിയുടെ വധം അന്വേഷിക്കുന്നതിന് ഹാമുകൾ നമ്മുടെ അന്വേഷണ സംവിധാത്തെ സഹായിച്ചിരുന്നതായും വാർത്തകൾ ഉണ്ടായിരുന്നു.
ഹാം റേഡിയോ ഹോബിയാക്കിയവരിൽ നിരവധി പ്രശസ്തരുണ്ട്. യൂറി ഗഗാറിൻ, കൽപ്പന ചൗള, സോണിയാ ഗാന്ധി, ബരാക് ഒബാമ, അമിതാബ് ബച്ചൻ, മമ്മുട്ടി എന്നിവർ ഹാം റേഡിയോ ഉപയോഗിക്കുന്നവരാണ്.
(സഹായം: വിക്കിപീഡിയ)
നിഫ 6E




Sunday, April 5, 2020

ദി ആൽകെമിസ്റ്റ്- ആസ്വാദനക്കുറിപ്പ്

വൈശാഖ് 
പൂർവ്വ വിദ്യാർഥി
വിശ്വപ്രസിദ്ധ ബ്രസീലിയൻ എഴുത്തുകാരൻ പാലോ കൊയ്ലോ യുടെ പ്രശസ്തമായ നോവലാണ് ദി ആൽകെമിസ്റ്റ് . എട്ടാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിൽ ആൽകെമിസ്റ്റിൽ നിന്നെടുത്ത " എണ്ണ നിറച്ച കരണ്ടി" എന്ന ഒരു കഥ പഠിക്കാനുണ്ട്. മുൻപ് എവിടെയൊക്കെയോ കേട്ടിരുന്നു എങ്കിലും ആൽകെമിസ്റ്റ് വായിക്കാൻ വലിയ ആഗ്രഹം തോന്നിയത് ഈ പാഠം എടുത്തതിന് ശേഷമാണ്. വായിക്കാനായി പുസ്തകം സംഘടിപ്പിക്കുകയും ചെയ്തു. എന്നാൽ എന്നും വേറെ എന്തൊക്കെയോ വായിക്കാനുണ്ട് , പഠിക്കാനുണ്ട് , ക്ലാസ് പരീക്ഷയുണ്ട് , ഹോം വർക്കുണ്ട് എന്നിങ്ങനെ ഓരോ കാരണങ്ങൾ കൊണ്ട് ഒരു പേജിനപ്പുറം വായന നീണ്ടു പോയില്ല.
ഇപ്പോൾ ഈ കൊറോണ മഹാമാരിയുടെ കാലത്ത്, പരീക്ഷയും പഠനവും കളികളും ഒന്നുമില്ലാതായപ്പോൾ .. കുറച്ച് ദിവസം ടി വി കണ്ടിരുന്ന് അതും മടുത്തു തുടങ്ങിയപ്പോഴാണ് വീണ്ടും ആൽകെമിസ്റ്റ് നെ ഓർമ്മ വന്നത്.
ലോകം മുഴുവൻ ജനകോടികളെ പ്രചോദിപ്പിക്കുകയും ആത്മവിശ്വാസം നൽകുകയും ചെയ്യുന്ന ഈ മഹാ സൃഷ്ടിയെക്കുറിച്ച് എന്നും ഉണ്ടായിരുന്ന കൗതുകം മറന്ന് പോയതിനെക്കുറിച്ച് വലിയ വിഷമം തോന്നി. ഉടൻ തന്നെ വായന തുടങ്ങി.
ലോകം ചുറ്റുന്നതിന് വേണ്ടി മാത്രം ആട്ടിടയനായ സാന്റിയാഗോ എന്ന ഇടയബാലന്റെ കഥയാണ് ഇതിൽ പറയുന്നത്. സ്വദേശമായ സ്പെയിനിൽ ആടു മേക്കുന്നതിനിടയിൽ വിശ്രമിക്കുന്ന സമയത്ത് സാന്റിയാഗോ ഒരു നിധി സ്വപ്നം കണ്ടു. സ്വപ്നത്തിലെ ഈ നിധി തേടി സാന്റിയാഗോ ആഫ്രിക്കയിലെ ഈജിപ്പ്റ്റിലെ പിരമിഡുകളുടെ അടുത്തേക്ക് യാത്ര ചെയ്യുന്നതാണ് കഥ. യാത്രയുടെ ഓരോ ഘട്ടത്തിലും സാന്റിയാഗോ കാണുന്നതും അറിയുന്നതും അനുഭവിക്കുന്നതും, മനുഷ്യ മനസിന്റെ നിഗൂഢതകളിലേക്ക് ആഴ്ന്നിറങ്ങുന്ന തരത്തിലും വായനക്കാരനെ വളരെ ഉയർന്ന തലത്തിൽ ചിന്തിപ്പിക്കുന്ന രീതിയിലുമാണ് നോവലിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
യാത്രക്കിടയിൽ പലരേയും സാന്റിയാഗോ കണ്ടുമുട്ടുന്നു. വെത്യസ്ഥ സംസ്കാരങ്ങൾക്കിടയിലൂടെ കടന്ന് പോകുന്നു. കഥാന്ത്യത്തിൽ മനുഷ്യ ജീവിതത്തിന്റെയും ജീവിത യാത്രയിലെ നിരവധി പ്രതിസന്ധികളുടെയും നിസ്സാരതയെ നോവലിസ്റ്റ് ചൂണ്ടിക്കാണിക്കുന്നു.
ഒരു മനുഷ്യൻ തന്റെ കുട്ടിക്കാലത്ത് തന്റെ ഉള്ളിന്റെ ഉള്ളിൽ രൂപപ്പെട്ട ലക്ഷ്യങ്ങളെ പിൻതുടരുകയാണെന്നും ജീവിതാന്ത്യം ലക്ഷ്യപ്രാപ്തിയുടെ യാഥാർഥ്യത്തെ തിരിച്ചറിയുന്നതാണ് എന്നും ആൽകെമിസ്റ്റ് പറഞ്ഞ് വക്കുന്നു. നോവലിൽ ഒരുപാട് തവണ ആവർത്തിക്കുന്ന ഒരു വാചകം ഉണ്ട്.
 "ഒരാൾ എന്തെങ്കിലും നേടാൻ വേണ്ടി ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ, ആ ആഗ്രഹം സഫലമാകാൻ ഈ ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും"
പ്രതികൂല ജീവിത സാഹചര്യങ്ങളിലും മനോവീര്യം വീണ്ടെടുത്ത് മുന്നോട്ട് ചിന്തിക്കൻ ലക്ഷക്കണക്കിന് മനുഷ്യരെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്ന വാചകങ്ങളാണിവ.

Saturday, April 4, 2020


8D ക്ലാസിലെ വൈഗ സി വരച്ച ചിത്രങ്ങൾ



അൽപ്പം ചിന്തിക്കാം..

ശ്രീഹരി ഗോവിന്ദ്
അദ്ധ്യാപകൻ

Thursday, April 2, 2020

അജീഷ് എം
അദ്ധ്യാപകൻ
കരുതലുണ്ട്.. നാം അതിജീവിക്കും



Wednesday, April 1, 2020

നിരഞ്ജൻ പി 6E വരച്ച ചിത്രങ്ങൾ



കൃഷ്ണേന്ദു 8D വരച്ച ചിത്രം
 

മഴേന്റെ നനവ്

ഹരീഷ് പി
അദ്ധ്യാപകൻ
മ്മളെ ബടൊക്കെ ഇജ്ജാതി മഴങ്ങായിട്ട് എത്ര കാലായി.. നിക്കാണ്ടെ പെയ്യല്ലേ .. ഇന്നലെ തൊടങ്ങീണു.. പിന്നാമ്പൊറത്തെ ബിൽഡിങ്ങിലെ രണ്ടറ്റത്തൂള്ള ക്ലാസിന്റെ ചൊമരുമ്മക്കൂടി നല്ലോണം ചോരുന്നുണ്ട്.. വെള്ളം ഒലിച്ചെറങ്ങീട്ട് പുതർന്നുണ്ണു ചൊമര്.. അതൊക്കെക്കൂടി എപ്പളാ പൊളിഞ്ഞ് ചാടാവോ..

മഴേനെ കുറ്റം പറയാൻ തോന്നുണൂല്ല.. എന്തായിരുന്നു ഇക്കൊല്ലത്തെ വേനല് .. ഹൗ ഇപ്പൊളും കെണറ്റില് വെളളണ്ടാവാത്ത സ്ഥലണ്ടേയ്..!

വാസുവേട്ടാ .. ഈ പിരീഡ് ക്ലാസുണ്ട്, മഴേന്റെ വിശേഷം ഇനി പോയി വന്നിട്ട് കേൾക്കാം..

കുട നനക്കണ്ടാന്ന് കരുതി മഴ നനഞ്ഞ് ഓടീട്ടാണ് ക്ലാസിൽ പോയത്.. പിന്നാമ്പൊറത്തെ ബിൽഡിംഗിലെ അറ്റത്തുള്ള ക്ലാസ്..

മാഷമ്മാര് ഓട്ണത് നന്ദനക്കുട്ടി ഇത് വരെ കണ്ടിട്ടില്ലത്രേ.. ഇനി ഇടക്ക് ഇതുപോലെയൊക്കെ ഓടണം.. മാഷമ്മാരും ഓടുന്ന ജീവികളാണെന്ന് നന്ദനക്കുട്ടികളൊക്കെ ഒന്ന് മനസിലാക്കട്ടെ..

കുട്യോളൊക്ക കൊറവാണല്ലോ.. ഇന്നെന്താപ്പൊ ഇങ്ങനെ? ക്ലാസിലെ ഗുഡ് മോണിംഗിന് മറുപടി പറയാതെ ചോദിച്ചു.
അത് എല്ലാർക്കും പനി ആയിട്ടാവും മാഷേ..
നന്ദനക്കുട്ടിയാണ് പറഞ്ഞത്.. അവളിന്നലെ വരാതിരുന്നത് പനിയായിട്ടാണത്രേ..
ന്നിട്ടിപ്പൊ പനി മാറിയോ?
മാറീട്ടില്ല..പനിണ്ട്..
ന്നാ പിന്നെ മാറീട്ട് വന്നാ മതിയായിരുന്നു.. മഴയല്ലേ.. മഴപ്പാറല് കൊണ്ടാ പനി കൂടില്ലേ.. കുട്ടേ : ഡോക്ടറെ കാണിച്ചുവോ ?
ഡോക്ടറെ കാണാൻ ഇറങ്ങിയപ്പോഴും മഴയായിരുന്നത്രേ.. അതോണ്ട് പോയില്ല.
പനിയായിട്ടും സ്കൂളിൽ വന്നതിന് മാഷമ്മാർക്ക് മനസിലാവാത്ത ചില ഉത്തരങ്ങളൊക്കെ ഉണ്ടെന്ന പോലെ നന്ദനക്കുട്ടി ഒന്നും പറയാതെ.. മിണ്ടാതെയിരുന്നു..
ക്ലസ് കളയണ്ടാന്ന് കരുതീട്ട് വീട്ട്ന്ന് ഉന്തിത്തള്ളി വിട്ടതാവ്വൊ.. ഈ പെരുമഴയത്ത് .. ആവില്ല.. ടീച്ചർമാര് ചീത്ത പറഞ്ഞാലോ എന്ന് പേടിച്ച് വാശിപിടിച്ച് പോന്നതാവും.

പുസ്തകം തുറക്കൂ ക്ലാസ് തുടങ്ങാം..

ഹോം വർക്ക് ഉണ്ടായിരുന്നു മാഷേ.. ഇല്ല മാഷേ.. ഇണ്ട് ട്ടൊ മാഷേ.. ഹോം വർക്ക് ഉണ്ട് എന്നും ഇല്ലാ എന്നും കേട്ടുകൊണ്ടേയിരുന്നു..
ഉണ്ട്.. ഹോംവർക്ക് തന്നിരുന്നു.. എല്ലാവരും ചെയ്തിട്ടില്ലേ..? ഇല്ല.. ല്ലേ.. എന്നാലേയ് ഇന്നിപ്പൊ ഹോം വർക്ക് നോക്കുന്നില്ല.. പരീക്ഷണത്തിന്റെ ചിത്രം വരക്കാൻ ആയിരുന്നില്ലേ.. വരക്കാത്തവരൊക്കെ അടുത്ത ദിവസത്തേക്ക് വരക്കണ ട്ടോ..
മാഷേ ഇന്നെന്നെ ഹോം വർക്ക് നോക്കണം മാഷേ.. പിന്നേയും നന്ദനക്കുട്ടിയാണ്.. മാഷിന്റെ ഹോം വർക്ക് കാണിച്ചുതരാനാ ഇന്ന് ഞാൻ വന്നതെന്നെ..
 

നല്ല പനിയുണ്ടായിട്ടും മഴ നനഞ്ഞ് സ്കൂളിൽ വന്നത്.. ചേരുന്ന ചുമരിലെ വെള്ളം തെറിച്ച് നനഞ്ഞു കൊണ്ട് ക്ലാസിലിരിക്കുന്നത്.. ഈ ഹോം വർക്ക് കാണിച്ചു തരാനാണത്രേ ..

ഇന്റത് മാത്രല്ല മാഷേ.. ഞങ്ങളെ ബഞ്ചിലെ എല്ലാര് ന്റേം ഞാനാ വരച്ചത്.. വരച്ചു കൊടുക്കാൻ വേണ്ടി അവരുടെ നോട്ട്ബുക്ക് കഴിഞ്ഞ ക്ലാസിന്റെ അന്ന് ഞാൻ കൊണ്ടോയതായിരുന്നു.. ഇന്ന് മാഷിന്റെ പിരീഡ് ഉള്ളതോണ്ട് അവർക്ക് ചീത്ത കിട്ടാണ്ടിരിക്കാനാ ഞാൻ..

ആ.. അതിനാണ് നന്ദനക്കുട്ടി ഇന്ന് സ്കൂളിൽ വന്നത്.

സ്കൂൾ വിടുന്നത് വരെ പ്യൂൺ വാസുവേട്ടൻ ആരോടൊക്കെയോ മഴേന്റെ വിശേഷം പറഞ്ഞു..സ്കൂൾ വിടുന്നത് വരെ പിന്നാമ്പൊറത്തെ ബിൽഡിംങ്ങിലെ രണ്ടറ്റത്തും ഉള്ള ക്ലാസിലെ ചൊമരുമ്മക്കൂടി വെള്ളം ചേർന്നു.
 

മഴ നല്ലോണം പെയ്തു.. നന്ദനക്കുട്ടി നിഷ്കളങ്കമായി കുറേ നേരം മഴനനഞ്ഞു.
8D ക്ലാസിലെ അർച്ചന വരച്ച ചിത്രങ്ങൾ




സച്ചിനും ഗോപിയും

ഹരീഷ് പി
അദ്ധ്യാപകൻ
ഗോപിയും ഗോപിയുടെ മാമ രമേശനും വലിയ ക്രിക്കറ്റ് ആരാധകരാണ്. ഗോപിയെ ക്രിക്കറ്റ് കളിക്കാനും ടീവിയിൽ ക്രിക്കറ്റ് കാണാനും പഠിപിച്ചത് മാമയാണ്. രമേശൻ മാമക്ക് ചെറുപ്പത്തിൽ ഒരുപാട് ചീത്ത കേട്ടിട്ടുണ്ടത്രേ ഒന്നും പഠിക്കാണ്ടെ ടീവിയിൽ ക്രിക്കറ്റ് കളി കണ്ടിരിക്കുന്നതിന്. 
രമേശൻ മാമ സച്ചിന്റെയും ഗാംഗുലിയുടെയും വലിയ ആരാധകനാണ്. ഗോപിക്ക് ഏറ്റവും ഇഷ്ടം വിരാട് കോഹ്‌ലിയെ ആണ്. സച്ചിൽ തന്റെ അവസന രാജ്യാന്തര മത്സരം കളിക്കുന്നത് ഗോപിയും മാമയും ഒരുമിച്ചിരുന്ന് ടീവിയിൽ കണ്ടിട്ടുണ്ട്. സച്ചിന്റെ വിടവാങ്ങൽ പ്രസംഗം കേട്ടിട്ട് രമേശൻ മാമ ഷർട്ടിന്റെ കോളറിൽ കണ്ണുതുടക്കുന്നതും അന്ന് കണ്ടിട്ടുണ്ട്. വിരാട് കോഹ്ലി വിരമിക്കുമ്പോൾ ഞാനും സങ്കടപ്പെടുമായിരിക്കും എന്ന് ഗോപിക്ക് തോന്നിയിരുന്നു. വിരമിക്കൽ ദിവസം രാത്രി വിരാട് കോഹ്ലി അദ്ദേഹത്തിന്റെ റൂമിൽ വന്ന് ഏട്ടനെ പ്പോലെ കാണുന്ന സച്ചിനെ കെട്ടിപ്പിടിച്ച് വിതുമ്പിയ സംഭവം സച്ചിന്റെ ആത്മകഥയിൽ  വായിച്ചപ്പോൾ ഗോപിക്ക് രമേശൻ മാമയുടെ വിതുമ്പൽ ആയിരുന്നു ഓർമ്മ വന്നത്.
രമേശൻ മാമ ആദ്യമായി ക്രിക്കറ്റ് കളി കാണുന്നത് ഒരു ലോകകപ്പ് കാലത്താണത്രേ . ആ ലോകകപ്പിൽ ഏറ്റവും അധികം റൺസ് നേടിയ കളിക്കാരൻ സച്ചിൻ ആണ്. എന്നാൽ ആ ലോകകപ്പ് നേടിയത് ശ്രീലങ്ക ആയിരുന്നു. സെമി ഫൈനൽ മത്സരത്തിലാണ് ഇന്ത്യ തോറ്റത്. സച്ചിൻ ടെണ്ടുൽക്കറിന്റെ വിക്കറ്റ് വീണതോടെ അതുവരെ നന്നായി കളിച്ച ഇന്ത്യൻ ടീം തകർന്നടിഞ്ഞു. ദേഷ്യം വന്ന ഇന്ത്യൻ കാണികൾ ഗ്രൗണ്ടിലേക്ക് വെള്ളക്കുപ്പിയും മറ്റും വലിച്ചെറിഞ്ഞ് കളി തടസപ്പെടുത്തി. മത്സരം മുഴുവനാക്കാനാവാതെ ശ്രീലങ്കയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീടെന്നോ ആണ് രമേശൻ മാമയുടെ പ്രിയപ്പെട്ട കളിക്കാരനായി സൗരവ് ഗാംഗുലി കൂടി വരുന്നത്. സച്ചിനും ഗാംഗുലിയും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്ന ഏതൊക്കെയോ കളികളുടെ എന്തൊക്കെയോ കഥകൾ ഇപ്പോഴും പറഞ്ഞ് നടക്കാറുണ്ട്. 
രണ്ടായിരത്തി മൂന്നിൽ ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഗാംഗുലി ആയിരുന്നു. ഇന്ത്യ കപ്പ് നേടും എന്ന് ഒരുപാട് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ആ ലോകകപ്പിൽ ആകെ രണ്ട് മത്സരങ്ങളാണ് ഇന്ത്യ തോറ്റിട്ടുള്ളൂ, രണ്ടും ഓസ്ട്രേലിയയോട്. അതിൽ ഒന്ന് ഫൈനലിലായിപ്പോയി എന്ന് മാത്രം. ഈ ലോകകപ്പിലെ മികച്ച കളിക്കാരനായി തെരഞ്ഞടുത്തത് സച്ചിനെയാണ്. എന്നാൽ ഫൈനലിലെ തോൽവിയുടെ സങ്കടത്തോടെ മികച്ച കളിക്കാരനുള്ള അവാർഡ് വാങ്ങി നിൽക്കുന്ന സച്ചിന്റെ ചിത്രം കണ്ടാൽ സങ്കടം മാത്രമേ നാം ഇന്ത്യക്കാർക്ക് തോന്നുകയുള്ളൂ.
പിന്നീട് ഒരിക്കൽ മാമയും ഗോപിയും ഒരുമിച്ച് കളി കണ്ടിരുന്നപ്പോഴാണ് ഏകദിന മത്സരത്തിലെ ആദ്യ ഇരട്ട സെഞ്ചുറി സച്ചിൻ നേടുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരൻ കോഹ്ലി ആണെങ്കിലും ഗോപിക്ക് എം.എസ്. ധോനിയേയും ഇഷ്ടമാണ്. മത്സരത്തിൽ ഡബിൾ സെഞ്ചുറിതികക്കാൻ സച്ചിന് സ്ട്രൈക്ക് കൈമാറുന്നില്ല എന്ന് പറഞ്ഞ് ധോനിയെ ടി വി യിൽ നോക്കിക്കൊണ്ട് മാമ ചീത്ത പറയുന്നുണ്ടായിരുന്നു. സത്യത്തിൽ സെഞ്ചുറികളുടെ അടുത്തെത്തുമ്പോൾ സച്ചിന്റെ സ്കോറിംഗ് പതുക്കെ ആയി പോകാറുണ്ട്. ഇത്തരം സന്ദർഭങ്ങൾ അറിഞ്ഞ് സമ്മർദ്ദം ഒഴിവാക്കാനാണ് ധോനി അത്തരത്തിൽ കളിച്ചിട്ടുണ്ടാക്കുക. തൊണ്ണൂറ് റൺസ് നേടിയിട്ടും നൂറ് തികക്കാൻ കഴിയാത്ത നിരവധി മത്സരങ്ങൾ സച്ചിന് ഉണ്ടായിട്ടുണ്ട്.
ലോകം കണ്ട ഏറ്റവുംമികച്ച ക്രിക്കറ്റ് കളിക്കാരനായിട്ട് കൂടി ഒരു ലോകകപ്പ് പോലും നീണ്ട ക്രിക്കറ്റ് ജീവിതത്തിൽ സച്ചിന് നേടാനായിട്ടില്ലായിരുന്നു. രണ്ടായിരത്തി പതിനൊന്നിലെ  ലോകകപ്പിന് മുൻപായി പത്രങ്ങളിലെല്ലാം ഈ വരാൻ പോകുന്നത് സച്ചിന്റെ അവസാന ലോകകപ്പാണ് എന്ന് വിശേഷിപ്പിക്കുന്നുണ്ടായിരുന്നു. ക്യാപ്റ്റൻ ധോനിയും പത്രസമ്മേനത്തിൽ അടുത്ത ലോകപ്പിന് മുന്നേ വിരമിക്കാൻ സാധ്യത കൂടുതലായ സച്ചിന് സമ്മാനമായി ഈ ലോകകപ്പ് നാം നേടും എന്ന് പറയുകയുണ്ടായി. എന്നാൽ ഈ വാർത്തകൾ തീരെ സുഖിക്കാത്ത ആളായിരുന്നു രമേശൻ മാമ. സച്ചിൻ അടുത്ത ലോകകപ്പും കളിക്കും എന്ന് മാമ വിശ്വസിച്ചിരുന്നു. എന്തായാലും ആ ലോകകപ്പ് ഇന്ത്യ നേടി. പണ്ട് രണ്ട് ലോകകപ്പുകളിൽ സച്ചിനെ വിഷമിപ്പിച്ച ഓസ്ട്രേലിയയെയും ശ്രീലങ്കയെയും ഇന്ത്യ ഈ ലോകകപ്പ് മത്സരങ്ങളിൽ തോൽപ്പിച്ചിരുന്നു. 
ശ്രീലങ്കയോട് ഫൈനൽ മത്സരം ജയിച്ച ശേഷം ദേശീയ പതാകയേന്തിയ സച്ചിനെ തോളിലേറ്റി ഇന്ത്യൻ താരങ്ങൾ സ്‌റ്റേഡിയത്തിന് ചുറ്റും ഓടി നടന്നു. ഈ വിജയാഘോഷത്തിന്റെ ചിത്രം ഇന്ന് ലോക പ്രശസ്തമാണ്.ഇന്ത്യൻ ജനതയുടെ ദേശീയ ബോധത്തിന് പുതിയ തലങ്ങൾ ഉണ്ടാക്കിയ സച്ചിൻ ടെണ്ടുൽക്കർ എന്ന പ്രതിഭക്ക് രാജ്യം നൽകുന്ന ആദരമാണ് ഈ ചിത്രം എന്ന് അത് നോക്കി രമേശൻ മാമ എപ്പോഴും പറയും.
ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷവും ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക കായിക മേഖലകളിൽ നമുക്കെല്ലാം പ്രജോദനമാകുന്ന തരത്തിൽ സച്ചിൻ നിറഞ്ഞ് നിൽക്കുന്നു.

Tuesday, March 31, 2020

രാജാവിന്റെ പരീക്ഷണം

ഫാത്തിമ ജസ്ന എം  6A
ദേവാനന്ദപുരയിലെ രാജാവാണ് രവീന്ദ്രൻ.രവീന്ദ്രന്റെ ഭരണത്തിൽ രാജ്യവും ജനങ്ങളും സമൃദ്ധരായിരുന്നു. ജനങ്ങളെ സന്തോഷിപ്പിക്കാൻ രാജാവ് എന്തും ചെയ്യുമായിരുന്നു.പക്ഷെ, രവീന്ദ്ര രാജാവിന് ആകെയുള്ള വിഷമമെന്നാൽ രാജാവിനും തന്റെ ഭാര്യയായ ലക്ഷ്മിക്കും സന്താനങ്ങളില്ലാത്തതായിരുന്നു.
   ഒരുപാട് കാലങ്ങൾക്ക് ശേഷം രാജാവിന് രണ്ട് ആൺ കുഞ്ഞുങ്ങൾ പിറന്നു.ഒന്നാമൻ അജയനും രണ്ടാമൻ  വിജയനുമായിരുന്നു.
അവർ വലുതായപ്പോൾ അജയൻ വളരെ മടിയനും ജനങ്ങളുടെ സങ്കടത്തിൽ സന്തോഷവാനുമായിരുന്നു. അതിനാൽ ജനങ്ങൾക്ക് അവനെവെറുപ്പായിരുന്നു
.എന്നാൽ വിജയൻ രവീന്ദ്ര രാജാവിനെ പോലെ ജനങ്ങളെ സന്തോഷിപ്പിക്കുന്നവരും ബുദ്ധിമാനുമായിരുന്നു.
      വളരെ കാലങ്ങൾക്ക് ശേഷം രാജാവിന്  മാറാരോഗം ബാധിച്ചു. തനിക്ക് അധികകാലം ജീവിക്കാൻ കഴിയില്ലെന്നറിഞ്ഞ രാജാവ് തന്റെ രണ്ട് മക്കളേയും അടുത്ത് വിളിച്ചു." ഇനി ഞാൻ അധികകാലം ജീവിച്ചിരിക്കില്ല. എൻ മരണത്തിന് ശേഷം ഈ ദേവാനന്ദപുരം ഭരിക്കാൻ ഒരു രാജാവ് വേണം. 
നിങ്ങളിലാരാണ് അതിൻ യോജിച്ചയാളെന്ന് ഞാൻ പരീക്ഷിക്കും. ഞാൻ നിങ്ങൾക്ക് പരീക്ഷണം തരാം. അതിന് ശേഷം ജനങ്ങൾക്കിഷ്ട്ടപ്പെട്ട
ആളുമായിരിക്കും എന്റെ കാലശേഷം രാജാവ്. പരീക്ഷണമെന്നാൽ: നിങ്ങൾ രണ്ട് പേരും ഇന്ന് രാത്രി പുറത്തിറങ്ങി ജനങ്ങളുടെ കുറവുകൾ തിരുത്തണം" എന്ന് രാജാവ് പറഞ്ഞപ്പോൾ അജയനും വിജയനും ഈ പരീക്ഷണത്തിന് തയ്യാറായി.
 അന്ന് രാത്രി അജയനും വിജയനും ഗ്രാമത്തിലേക്ക് പോയി.ഗ്രാമം എത്താറായപ്പോൾ അവർ രണ്ട് വഴിക്ക് പിരിഞ്ഞു. അജയൻ കുറേ ദൂരെ നടന്ന് ക്ഷീണമായപ്പോൾ അവിടെ കണ്ട മരത്തിൻ ചുവട്ടിൽ കിടന്നുറങ്ങി.എന്നാൽ ഈ സമയംവിജയൻ
ജനങ്ങളുടെ
സങ്കടങ്ങൾക്കും
കുറവുകൾക്കുംപരിഹാരം കണ്ടു.
     പിറ്റെ ദിവസം രാജാവ് രണ്ട് പേരെയും വിളിച്ച് എന്താണ് ചെയ്തെന്ന് ചോദിച്ചപ്പോൾ അജയൻ പറഞ്ഞു:" ഒരു വൃദ്ധൻ രണ്ട് ദിവസമായി പട്ടിണിയിലായിരുന്നു. അയാൾക്ക് ഞാൻ ഭക്ഷണം കൊടുത്തു".
അജയൻ രാജാവിനോട് കള്ളമായിരുന്നു പറഞ്ഞത്. എന്നാൽ, വിജയൻ പറഞ്ഞു:" ഞാൻ നടന്ന് പോകുമ്പോൾ ഒരു വീട്ടിൽ നിന്ന് കുറേ പേരുടെ നിലവിളിയുംകരച്ചിലും കേട്ടു .ഞാൻ കാര്യമന്വേഷിച്ചപ്പോൾ ആ വീട്ടിലെ യജമാനൻ പറഞ്ഞു:"എന്റെ മോളുടെ കല്യാണത്തിന് ഇനി രണ്ട്
ദിവസമേയുള്ളൂ. അത് നടത്താൻ എന്റെ കൈയ്യിൽ കാശില്ല". ഇത് കേട്ടപ്പോൾ എനിക്ക് നല്ല വിഷമമായി.ഞാനവർക്ക് എന്റെ സ്വർണ്ണ മോതിരവും ഒരു പണക്കിഴിയും കൊടുത്തു."
പിറ്റേ ദിവസം രാജാവ് ജനങ്ങളോട് കൊട്ടാര മുറ്റത്തേക്ക് വരാനാവശ്യപ്പെട്ടു. എല്ലാവരും വന്നപ്പോൾ രാജാവ് ജനങ്ങളോട് പറഞ്ഞു: "എനിക്ക് മാറാരോഗമാണെന്ന് നിങ്ങൾക്ക് അറിയില്ലെ, അതിനാൽ എന്റെ മരണം അടുത്തിരിക്കുന്നു. എന്റെ മക്കളിലാരായിരിക്കണം രാജാവെന്ന്  തീരുമാനിക്കേണ്ടത് നിങ്ങളാണ് " .
  അപ്പോൾ ജനങ്ങൾ എല്ലാവരും ഒരുമിച്ച് പറഞ്ഞു: "ഞങ്ങൾക്ക് വിജയനെ രാജാവാക്കാനാണ് താൽപര്യം. കാരണം
അവൻ ഞങ്ങൾക്ക് പ്രിയങ്കരനും ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുമാണ് " .
ഇതുകേട്ട രാജാവ് മക്കളോട് പറഞ്ഞു:  "ഒന്നാമത്തെ പരീക്ഷണത്തിൽ നിങ്ങൾ എന്ത് ചെയ്യുന്നുണ്ടെന്ന് ഞാൻ വീക്ഷിച്ചിരുന്നു. അതിൽ വിജയിച്ചത് വിജയനാണ് ."
പിന്നീട് ജനങ്ങളോട് പ്രഖ്യാപിച്ചു: നിങ്ങൾക്ക് രാജാവാക്കാൻ താൽപര്യമുള്ളവനും ഞാൻ നടത്തിയ പരീക്ഷണത്തിലെ വിജയിയുമായ വിജയനാണ് ഇന്ന് മുതൽ നിങ്ങളുടെ രാജാവ് എന്നും, സൈന്യത്തിന്റെ നേതാവായി അജയനുമാണ് " .

      ഗുണപാഠം:- അധ്വാനിക്കേണ്ട സന്ദർഭത്തിൽ അധ്വാനിക്കുക, എല്ലാവരുടെ സന്തോഷത്തിലും സങ്കടത്തിലും കൂടെ നിൽക്കുക


മുഹമ്മദ് സിനാൻ 5B

എത്ര നാളിങ്ങനെ

ധ്യാൻ കൃഷ്ണ 7A
എത്ര പേരിങ്ങനെ മരണമടയുന്നു
എത്ര പേരിങ്ങനെ രോഗികളാവുന്നു
എത്ര നാളിങ്ങനെ പേടിച്ചിരിക്കും നാം
ഒത്തൊരുമിച്ചാൽ നമുക്കും പൊരുതാം....

തീക്കനലായി നീ ഭൂമിയിലെത്തി
കാട്ടുതീ പോലെ ആക്രമിച്ചു
വെള്ളവും സോപ്പുമായി
നിന്നോടു പൊരുതും
നിന്നെ തുരത്താൻ.....
നിന്നെ തുരത്താൻ.....

Sunday, March 29, 2020

മാന്ത്രികപ്പെട്ടി

ഫാത്തിമ ഫിദ
5th
കുട്ടാപ്പിക്ക് സ്കൂളിൽ പോകാൻ തീരെ ഇഷ്ടമല്ല. കൂട്ടുകാരൊക്കെ സ്കൂളിൽ പോകുമ്പോൾ കുട്ടാപ്പി എന്തെങ്കിലും തരികിട കാണിക്കും. കൈ വേദനിക്കുന്നു തല വേദനിക്കുന്നു എന്നൊക്കെ പറഞ്ഞ് കള്ളത്തരം കാണിച്ച് മിക്ക ദിവസങ്ങളിലും കുട്ടാപ്പി സ്കൂളിൽ പോകില്ല.
എല്ലാ കൂട്ടുകാരും സ്കൂളിൽ പോയിക്കഴിഞ്ഞാൽ കുട്ടാപ്പി ഒറ്റക്ക് പാടത്തും പറമ്പിലും കറങ്ങി നടക്കും.
ഒരു ദിവസം മടിപിടിച്ച് സ്കൂളിൽ പോകാതെ നടന്നപ്പോൾ വഴിയരികിൽ നിന്ന് ഒരു പെട്ടികിട്ടി. നല്ല ഭംഗിയുള്ള കളർ ചെയ്ത ഒരു പെട്ടി. കുട്ടാപ്പി പെട്ടിയുമായി വീട്ടിലേക്ക് പോയി. തിരിച്ചും മറിച്ചും നോക്കിയിട്ടും പെട്ടി തുറക്കാൻ കുട്ടാപ്പിക്ക് സാധിച്ചില്ല.
സ്കൂൾ വിട്ട് കൂട്ടുകാർ വന്നപ്പോൾത്തന്നെ കുട്ടാപ്പി ഓടിച്ചെന്ന് പെട്ടി കിട്ടിയ കാര്യം അവരോട് പറഞ്ഞു. കുട്ടാപ്പിയും കൂട്ടുകാരും ചേർന്ന് പെട്ടി വീണ്ടുമെടുത്ത് പരിശോധിക്കാൻ തുടങ്ങി. കുറേ നോക്കിയിട്ടും പെട്ടി തുറക്കാൻ പറ്റിയില്ല. തുറക്കാൻ സാധിക്കാത്ത ഒരു കൗതുക വസ്തുവാണ് ആ പെട്ടി എന്നവർക്ക് തോന്നി.
അടുത്ത ദിവസം രാവിലെ സ്കൂളിൽ പോകാതിരിക്കാനുള്ള നുണകൾ അലോചിച്ചു കൊണ്ടിരിക്കുമ്പോൾ തന്റെ പെട്ടിക്ക് മുകളിൽ ഒരു പുസ്തകം ഇരിക്കുന്നത് കുട്ടാപ്പി കണ്ടത്. ഇതിവിടെയുള്ളതല്ലല്ലോ..! എടുത്ത് നോക്കിയപ്പോൾ ധാരാളം ചിത്രങ്ങളും എഴുത്തുമുള്ള ഭംഗിയുള്ള പുസ്തകം. കൂട്ടുകാർ ആരെങ്കിലും ഇന്നലെ വന്ന പോൾ മറന്ന് വച്ചതാവും എന്ന് കരുതി അവൻ പുസ്തകം എടുത്ത് വച്ചു.
അടുത്ത ദിവസം കുട്ടാപ്പി എഴുന്നേറ്റ് നോക്കായപ്പോൾ പെട്ടിക്ക് മുകളിൽ അതാ മറ്റൊരു പുസ്തകം. കാണുമ്പോൾ തന്നെ കൗതുകം തോന്നുന്ന ഭംഗിയുള്ള ചിത്രങ്ങളും കഥയുമുള്ള പുസ്തകം. സ്കൂളിൽ പോകാൻ മടിയതായ കുട്ടാപ്പിക്ക് ഒന്നും വായിക്കാൻ അറിയില്ലായിരുന്നു. അവൻ പുസ്തകം കൂട്ടുകാ കാണിച്ചു. അവർ ഓരോരുത്തരും ഒറ്റ ഇരിപ്പിന് ആ പുസ്തകങ്ങൾ വായിച്ചു തീർത്തു. ഇത്ര രസകരമായ കഥകളുളള പുസ്തകങ്ങൾ എവിടന്ന് കിട്ടി എന്ന് അവർ ഒരുപാടു തവണ കുട്ടാപ്പിയോട് ചോദിച്ചു. എന്നാൽ തന്റെ പെട്ടി തന്നതാണ് എന്നവൻ പറഞ്ഞില്ല.
ഓരോ ദിവസവും കുട്ടാപ്പിക്ക് പുതിയ പുതിയ പുസ്തകങ്ങൾ കിട്ടി.ഒന്നും വായിക്കാൻ അറിയാത്ത കുട്ടിപ്പി, കുട്ടുകാർ അതെല്ലാം വായിച്ച് രസിക്കുന്നത് നോക്കി നിന്നു.
അങ്ങിനെ കൂട്ടുകാർ വായിച്ച് രസിക്കുന്നത് കണ്ട് കുട്ടാപ്പിക്ക്  സ്വയം വായിക്കാൻ വലിയ ആഗ്രഹം തോന്നിത്തുടങ്ങി. ഞാനും ഇനി മുതൽ എന്നും സ്കൂളിൽ പോകുന്നുണ്ടെന്ന് അവൻ അപ്പോൾത്തന്നെ ഉറപ്പിച്ചു.

വറ്റിയ കുളം

കഥ
റിദ ജബീൻ
6A
പണ്ട് പണ്ട് ഒരു കുറ്റിക്കാട്ടിൽ ഒരു പാട് മ്യഗങ്ങൾ താമസിച്ചിരുന്നു. ആ കുറ്റിക്കാട്ടിൽ ഒരു കുളം മാത്രമേ ഉണ്ടായിരുന്നൊളളു. എല്ലാ മൃഗങ്ങളും ആ കുളത്തിൽ നിന്നാണ് വെള്ളം കുടിക്കാറുള്ളത്. ഒരു ദിവസം മുയൽ കുളത്തിലേക്ക് വെള്ളം കുടിക്കാൻ പോയി. പക്ഷേ മുയലിന് വെള്ളം കിട്ടിയില്ല. കുളത്തിൽ വെള്ളം വറ്റിയിരുന്നു. അപ്പോഴാണ് ആമയും കുളത്തിലേക്ക് വരുന്നത്.ആ മ മുയലിനോട് ചോദിച്ചു. നീ എന്താ വെള്ളം കുടിക്കാതെ ഇവിടെ ഇങ്ങനെ നിൽക്കുന്നത്. അപ്പോൾ മുയൽ ആമയോട് പറഞ്ഞു. കുളത്തിൽ വെള്ളം വറ്റിയിട്ടുണ്ട്. നീ എന്താണീ പറയുന്നത്. എന്നാ നീ ഒന്ന് വന്ന് നോക്ക്. അപ്പോൾ ആ മ കുളത്തിലേക്ക് നോക്കി. എന്നിട്ട് പറഞ്ഞു. ന്ദേ ഇതെങ്ങനെ സംഭവിച്ചു. ഹ ഹ ഹ ഇത് കാട്ടാന കുടിച്ച് വറ്റിച്ചതായിരിക്കും. അപ്പോഴാണ് അതുവഴി മാൻ വ വന്നത്. മാനിനേയും കുളം വറ്റിച്ചത് അവർ കാണിച്ചു കൊടുത്തു. മാൻ ഒരു ബുദ്ധിശാലിയായിരുന്നു. മാനിന് കാര്യം മനസിലായി. മാൻ അവർക്ക് പറഞ്ഞു കൊടുത്തു. ഇപ്പോൾ വേനൽകാല മാണെന്നും വെള്ളത്തിന് നമ്മൾ വളരെ ബുദ്ധിമുട്ടേണ്ടി വരുമെന്നും പറഞ്ഞു. മുയൽ ചോദിച്ചു വെള്ളം കിട്ടാൻ ഇനി ഇപ്പോ എന്താ ഒരു വഴി. നമുക്ക് ഈ കുറ്റിക്കാട്ടിൽ നിന്നും താമസം മാറിയാലോ എന്ന് ആമ പറഞ്ഞു. അപ്പോൾ മാൻ പറഞ്ഞു വേനൽക്കാലത്ത് ഏത് കാട്ടിലും വെള്ളമുണ്ടാകില്ല. പിറ്റേന്ന് രാവിലെ അവർ യോഗം കൂടാമെന്ന് തീരുമാനിച്ചു. എല്ലാ മൃഗങ്ങളും യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. യോഗം നടക്കുന്നതിനിടയിൽ ഒരു മനുഷ്യൻ കാട്ടിലൂടെ പോകുന്നുണ്ടായിരുന്നു. ഒരു നല്ല മനുഷ്യനായിരുന്നു അത്. മാൻ ആ മനുഷ്യനെ കണ്ടു. മനഷ്യനെ കണ്ട വിവരം മറ്റു മൃഗങ്ങളെയെല്ലാം മാൻ അറിയിച്ചു. മൃഗങ്ങളിൽ ഒരാൾ പറഞ്ഞു ആ മനുഷ്യൻ വനങ്ങൾ നശിപ്പിക്കാൻ വന്നതായിരിക്കും നമ്മളെ കണ്ടാൽ  നമ്മളെയും ഉപദ്രവിക്കും. പേടിച്ച് മൃഗങ്ങൾ വനങ്ങൾക്കിടയിൽ ഒളിച്ചിരുന്നു. ആ മനുഷ്യൻ കുറ്റിക്കാടിലൂടെ പോകുമ്പോഴായിരുന്നു ആ വറ്റി വരണ്ട ആ കുളം കണ്ടത്. അയാൾ ചിന്തിച്ചു ഈ കുറ്റിക്കാട്ടിൽ ആകെ ഒരു കുളമേ ഒള്ളു അത് വറ്റിയിരിക്കുന്നു. മൃഗങ്ങൾ എങ്ങെനെ അവരുടെ ദാഹമകറ്റും. ആ മനുഷ്യന്റെ അടുത്ത് കുളം കുത്താനുള്ള ആയുധങ്ങൾ ഉണ്ടായിരുന്നു. അയാൾ രാവും പകലും കുളം കുത്തി. കുറച്ചു ദിവസങ്ങൾക്ക് ശേഷം അത് കുളമായി മാറി. അതിൽ ഒരു പാട് വെള്ളവും ഉണ്ടായിരുന്നു. മൃഗങ്ങളെല്ലാം ഈ മനുഷ്യന്റെ നല്ല പ്രവത്തി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. മൃഗങ്ങളെല്ലാം ആ മനുഷ്യന്റെ അടുത്തേക്ക് ചെന്ന് അയാളോട് ഒരായിരം നന്ദി പറഞ്ഞു. അവരെല്ലാവരും ദാഹം തീരുന്നത് വരെ വെള്ളം കുടിച്ചു.

"തിരിച്ചറിവ് "

കവിത
ശ്രീകാന്ത് നായർ
+2 അദ്ധ്യാപകൻ


"നേരം വെളുക്കുമ്പോൾ കൂവിയുണർത്തുവാൻ നാമൊരു പൂവനെ കൂട്ടിലാക്കി
വീടിനു കാവലായ് വാലാട്ടി നില്ക്കുവാൻ ശുനകനെ ചങ്ങലയാൽ മെരുക്കി
കൊഞ്ചിക്കളിക്കുവാൻ, ഭാവി പറയുവാൻ ശാരികപ്പെണ്ണിനും കൂടൊരുക്കി
പാട്ടൊന്നു പാടിപഠിയ്ക്കുവാൻ കുയിലിനെ
ഒത്തിരി നാളു തടവിലാക്കി
കാട്ടിൽ മദിയ്ക്കുന്ന കൊമ്പനെ വാരിക്കുഴിയിൽ വീഴ്ത്തി മെരുക്കി നമ്മൾ
പൂരപ്പറമ്പുകൾക്കാഘോഷമാകുവാൻ ചങ്ങലയ്ക്കിട്ടു നടത്തി എന്നും
അമ്മപ്പശുവിൻ്റെ പാൽ നുണയാൻ വിട്ടു പൈക്കിടാവിന്നെ ചതിച്ചു നമ്മൾ
അകിടിൽ ചുരത്തിയ അമ്മ തൻ വാത്സല്യം ഊറ്റിക്കറന്നു കുടിച്ചു നിത്യം
തേനീച്ചകൾക്കും കൂടൊരുക്കി ,കൊന്നു
തേനും മുഴുവൻ പിഴിഞ്ഞെടുത്തു
ഒത്തിരിയാളുടെ ഒത്തിരി നാളത്തെ അധ്വാനമെന്തു മധുരമെന്നോ
വർണ്ണക്കിളികളെ കൂട്ടിലാക്കിയെന്നും നോക്കീയിരുന്നു രസിച്ചു നമ്മൾ
വീടിന്നലങ്കാരമാകുവാൻ വർണ്ണ
 മീനുകളെ ചില്ലുകൂട്ടിലാക്കി
എന്നിട്ടും നമ്മൾ ഇന്നൊരു വീട്ടിൽ സന്തോഷമില്ലാതെയിരിക്കയല്ലേ..
കൊറോണ എന്നൊരു ഇത്തിരി ഭീകരൻ
നമ്മേ പിടിച്ചും തടവിലാക്കി
സ്വാതന്ത്ര്യമില്ലാത്ത സ്വാതന്ത്ര്യമെന്തെന്നു
ഇനിനമുക്കും  ഒന്നറിഞ്ഞിരിക്കാം
നമ്മളീ ഭൂമിയിൽ എത്ര നിസാരമാം
ജീവികളെന്നും തിരിച്ചറിയാം"

Saturday, March 28, 2020

മിട്ടു പ്രാവിന്റെ കഥ

ആദിത്യ എൻ
6th
അഞ്ചാം ക്ലാസിലെ സീലിംഗിന്റെ മുകളിലെ വിശാലമായ ലോകത്താണ് മിട്ടു പ്രാവിന്റെ താമസം.മിട്ടു പ്രാവ് മാത്രമല്ല.. മിട്ടുവിന്റെ മാതാപിതാക്കളും കൂട്ടുകാരും ബന്ധുക്കളുമായി നൂറോളം പ്രാവുകൾ അവിടെ സന്തോഷത്തോടെ താമസിക്കുന്നു.പകൽ സമയത്ത് പുറത്ത് സ്കൂൾ കുട്ടികൾ ഉള്ളതു കൊണ്ട് അവരാരും വല്ലാതെ പുറത്തിറഞ്ഞാറില്ല. എന്നാൽ ഒഴിവ് ദിവസങ്ങളിലും സ്കൂൾ വിട്ട ശേഷമുള്ള സമയത്തും മിട്ടുവും കൂട്ടുകാരും സ്കൂളിലാകെ പറന്ന് നടക്കലാണ്. കുട്ടികൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ ഭക്ഷണ സാധനങ്ങൾ ധാരാളം അവർക്ക് കഴിക്കാൻ കിട്ടാറുണ്ട്. കുട്ടികൾ കുടിവെള്ള പൈപ്പ് ശരിക്ക് അടക്കാതെ പോവുന്നതിനാൽ വെള്ളം തിരഞ്ഞും ദൂരെ എവിടെയും പോകേണ്ടിവരാറില്ല. എന്നാൽ വേനൽക്കാലമായാൽ പിന്നെ ഗതികേടാണ്. സീലിംഗിന്റെ മുകളിൽ പകൽ കനത്ത ചൂടാണ്. എന്നാൽ വേനൽ കനക്കുമ്പോഴേക്ക് സ്കൂൾ അടക്കുമല്ലോ.. അപ്പോ താമസം താഴെ ക്ലാസുകളിലേക്ക് മാറ്റിയാൽ മതിയല്ലോ. ഭക്ഷണവും വെള്ളവും കിട്ടാത്തതാണ് പ്രശ്നം.വീണ്ടും വേനൽക്കാലമാവാൻ തുടങ്ങിയിരിക്കുന്നു. വെള്ളവും ഭക്ഷണവും  തിരഞ്ഞ് ദൂരെ ദൂരെ അലഞ്ഞ് നടക്കേണ്ട ഗതികേടിനെക്കുറിച്ചും അവിടങ്ങളിലെ അപകടങ്ങളെക്കുറിച്ചു അലോചിച്ചപ്പോൾ തന്നെ മിട്ടുവിന് പേടിയാൻ തുടങ്ങി.സ്കൂളിൽ വാർഷിക പരീക്ഷകൾ തുടങ്ങി. പതിവ് പോലെ ഉള്ള ബഹളം ഇല്ലാത്തതിനാൽ മിട്ടു സുഖമായി ഉറങ്ങുകയായിരുന്നു. പെട്ടന്ന് കുട്ടികളുടെ ശബ്ദവും കൈയ്യടിയും കേട്ടു. മിട്ടു എഴുന്നേറ്റു. ഒരു വിടവ് തിരഞ്ഞ് അതിലൂടെ പുറത്തേക്ക് കടന്ന് നോക്കി. ടീച്ചർമാരും കുറേ കുട്ടികളും ഒരു മരത്തിന് ചുറ്റും നിൽക്കുന്നു. ടീച്ചർമാർ മാറി മാറി എന്തൊക്കെയോ കുട്ടികളോട് പറയുന്നു. കുട്ടികൾ കേട്ട് കൈയ്യടിക്കുന്നു. അപ്പോഴാണ്  മിട്ടു മരത്തിന് മുകളിൽ ഒരു കാഴ്ച കണ്ടത്. കുട്ടികളും ടീച്ചർമാരും ചേർന്ന് ഒരു ചട്ടി മരത്തിൽ കെട്ടി വച്ചിരിക്കുന്നു. അതിൽ വെള്ളം നിറച്ചിട്ടുണ്ട്. "കടുത്ത വേനലിൽ കുടിക്കാൻ വെള്ളം കിട്ടാതെ വലയുന്ന പക്ഷികൾക്ക് കുടിക്കാൻ നിങ്ങൾ ഓരോരുത്തരും അവരവരുടെ വീട്ടിൽ ഇതുപോലെ തുറന്ന പാത്രത്തിൽ അൽപം ജലം കരുതണം"ടീച്ചർ കുട്ടികളോട് പറഞ്ഞതാണ്.ഇത് കേട്ടതോടെ മിട്ടുവിന് സന്തോഷമായി. വെള്ളം തേടി ഇനി എവിടെയും പോകണ്ട. മനുഷ്യർ അത്ര ചീത്ത വർഗ്ഗം ഒന്നുമല്ല എന്ന് ചിന്തിച്ച് കൊണ്ട് മിട്ടു വെറുതേ കുറച്ച് ദൂരേക്ക് നോക്കി. മതിലരികിലെ കറുമൂസ മരങ്ങളിലെ കറുമൂസകളെല്ലാം പഴുത്ത് തുടങ്ങിയിരിക്കുന്നു. വെള്ളം മാത്രമല്ല ഭക്ഷണവും ഇവിടെത്തന്നെ ഉണ്ടല്ലോ. സന്തേഷ വാർത്ത കൂട്ട കാരോടും മറ്റെലാവരോടും പറയാൻ മിട്ടു ദൃതിയിൽ അകത്തേക്ക് ഓടി.

Friday, March 27, 2020

ഒരു ദിവസം

ആതിര കെ
9th
സമയം പത്ത് മണിയായി ഇന്നൊന്നും തിന്നണ്ടേ ?
ഇതിങ്ങനെ കൊറേ വട്ടം കേട്ടപ്പോഴാണ് ഉറക്കം പോയത്.
രാവിലെത്തെ പത്തു മണി തന്നെ അല്ലേ ന്ന് ഉറപ്പിക്കാൻ ജനലിലേക്ക് നോക്കി
രാവിലെ ത്തന്നെ ആണ്.


എന്തേലും കഴിക്കണെങ്കി പല്ലു തേക്കണ്ടേ.. അതിന് തോന്നാൻ ഇനീം എത്ര നേരം പിടിക്കും ന്നാ..
കൊറോണക്കാലം ആയതോണ്ട് കുളിക്കാണ്ടെ ഒന്നും തരില്ല.. കുളിക്കാണ്ടെ വേണ്ടേന്നും ..
എത്ര വെശന്നാലും വൃത്തിയായിട്ട് ഒക്കെ മതി എല്ലാം.


പേപ്പറ് വായിച്ചോണ്ട് പല്ലു തേക്കാന്ന് വച്ചാല് സ്പോട്സ് പേജൊന്നും ഇല്ലല്ലോ… എല്ലാ നാട്ടിലേം എല്ലാ കളികളും എല്ലാ പരിപാടീം നിന്നില്ലേ.. ലോകം മുഴോനും വ്യാപിക്കണ സൂക്കേട് വരും ന്ന് ആരേലും വിചാരിച്ചിട്ട്ണ്ടാവോ..


എവിടേം കളിക്കാൻ പോവാൻ ഇല്ല. പഠിക്കാനും ഇല്ല. വെശക്കുണും ഇല്ല.. പല്ല് തേക്കാനും തോന്ന്ണില്ല. എങ്ങനേലും പല്ല് തേച്ച് കിട്ട്യാലും കുളിക്കണ്ടേ.. അയിനും തോന്ന്ണില്ല. കൊറച്ചൂടി കഴിഞ്ഞാ ഉച്ചയും വൈന്നേരോം ആവും അപ്പളേക്ക് വെശക്കണ്ടാവും
ഇന്നലെ ഇട്ട ചക്ക പഴുത്തിട്ട്ണ്ടാവും. സൈക്കിളിന്റെ ടയറ് മാറ്റണേര്ന്നു. അതിന് കൊറോണക്കാലം കഴിയണല്ലോ.. അപ്പളേക്കും സ്കൂൾ തൊറക്കാനാവണ്ടാവും. വേഗം സാധാരണത്തെ പോലെ ആയാ മതിയേര്ന്നു.


ചക്കയൊക്കെ തിന്ന് ഇങ്ങനെ ഇരിക്കുമ്പോളേക്ക് രാത്രിലെ പത്ത് മണിം ആവും. എന്തൊര് വേഗാണ് ഇപ്പൊ.. ഇങ്ങനാണെങ്കി ഒറപ്പായിട്ടും വേഗം സാധാരണത്തെ പോലെ ആവും

8 I ലെ ജിൻഷിദ എം വരച്ചത്