Sunday, April 5, 2020

ദി ആൽകെമിസ്റ്റ്- ആസ്വാദനക്കുറിപ്പ്

വൈശാഖ് 
പൂർവ്വ വിദ്യാർഥി
വിശ്വപ്രസിദ്ധ ബ്രസീലിയൻ എഴുത്തുകാരൻ പാലോ കൊയ്ലോ യുടെ പ്രശസ്തമായ നോവലാണ് ദി ആൽകെമിസ്റ്റ് . എട്ടാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിൽ ആൽകെമിസ്റ്റിൽ നിന്നെടുത്ത " എണ്ണ നിറച്ച കരണ്ടി" എന്ന ഒരു കഥ പഠിക്കാനുണ്ട്. മുൻപ് എവിടെയൊക്കെയോ കേട്ടിരുന്നു എങ്കിലും ആൽകെമിസ്റ്റ് വായിക്കാൻ വലിയ ആഗ്രഹം തോന്നിയത് ഈ പാഠം എടുത്തതിന് ശേഷമാണ്. വായിക്കാനായി പുസ്തകം സംഘടിപ്പിക്കുകയും ചെയ്തു. എന്നാൽ എന്നും വേറെ എന്തൊക്കെയോ വായിക്കാനുണ്ട് , പഠിക്കാനുണ്ട് , ക്ലാസ് പരീക്ഷയുണ്ട് , ഹോം വർക്കുണ്ട് എന്നിങ്ങനെ ഓരോ കാരണങ്ങൾ കൊണ്ട് ഒരു പേജിനപ്പുറം വായന നീണ്ടു പോയില്ല.
ഇപ്പോൾ ഈ കൊറോണ മഹാമാരിയുടെ കാലത്ത്, പരീക്ഷയും പഠനവും കളികളും ഒന്നുമില്ലാതായപ്പോൾ .. കുറച്ച് ദിവസം ടി വി കണ്ടിരുന്ന് അതും മടുത്തു തുടങ്ങിയപ്പോഴാണ് വീണ്ടും ആൽകെമിസ്റ്റ് നെ ഓർമ്മ വന്നത്.
ലോകം മുഴുവൻ ജനകോടികളെ പ്രചോദിപ്പിക്കുകയും ആത്മവിശ്വാസം നൽകുകയും ചെയ്യുന്ന ഈ മഹാ സൃഷ്ടിയെക്കുറിച്ച് എന്നും ഉണ്ടായിരുന്ന കൗതുകം മറന്ന് പോയതിനെക്കുറിച്ച് വലിയ വിഷമം തോന്നി. ഉടൻ തന്നെ വായന തുടങ്ങി.
ലോകം ചുറ്റുന്നതിന് വേണ്ടി മാത്രം ആട്ടിടയനായ സാന്റിയാഗോ എന്ന ഇടയബാലന്റെ കഥയാണ് ഇതിൽ പറയുന്നത്. സ്വദേശമായ സ്പെയിനിൽ ആടു മേക്കുന്നതിനിടയിൽ വിശ്രമിക്കുന്ന സമയത്ത് സാന്റിയാഗോ ഒരു നിധി സ്വപ്നം കണ്ടു. സ്വപ്നത്തിലെ ഈ നിധി തേടി സാന്റിയാഗോ ആഫ്രിക്കയിലെ ഈജിപ്പ്റ്റിലെ പിരമിഡുകളുടെ അടുത്തേക്ക് യാത്ര ചെയ്യുന്നതാണ് കഥ. യാത്രയുടെ ഓരോ ഘട്ടത്തിലും സാന്റിയാഗോ കാണുന്നതും അറിയുന്നതും അനുഭവിക്കുന്നതും, മനുഷ്യ മനസിന്റെ നിഗൂഢതകളിലേക്ക് ആഴ്ന്നിറങ്ങുന്ന തരത്തിലും വായനക്കാരനെ വളരെ ഉയർന്ന തലത്തിൽ ചിന്തിപ്പിക്കുന്ന രീതിയിലുമാണ് നോവലിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
യാത്രക്കിടയിൽ പലരേയും സാന്റിയാഗോ കണ്ടുമുട്ടുന്നു. വെത്യസ്ഥ സംസ്കാരങ്ങൾക്കിടയിലൂടെ കടന്ന് പോകുന്നു. കഥാന്ത്യത്തിൽ മനുഷ്യ ജീവിതത്തിന്റെയും ജീവിത യാത്രയിലെ നിരവധി പ്രതിസന്ധികളുടെയും നിസ്സാരതയെ നോവലിസ്റ്റ് ചൂണ്ടിക്കാണിക്കുന്നു.
ഒരു മനുഷ്യൻ തന്റെ കുട്ടിക്കാലത്ത് തന്റെ ഉള്ളിന്റെ ഉള്ളിൽ രൂപപ്പെട്ട ലക്ഷ്യങ്ങളെ പിൻതുടരുകയാണെന്നും ജീവിതാന്ത്യം ലക്ഷ്യപ്രാപ്തിയുടെ യാഥാർഥ്യത്തെ തിരിച്ചറിയുന്നതാണ് എന്നും ആൽകെമിസ്റ്റ് പറഞ്ഞ് വക്കുന്നു. നോവലിൽ ഒരുപാട് തവണ ആവർത്തിക്കുന്ന ഒരു വാചകം ഉണ്ട്.
 "ഒരാൾ എന്തെങ്കിലും നേടാൻ വേണ്ടി ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ, ആ ആഗ്രഹം സഫലമാകാൻ ഈ ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും"
പ്രതികൂല ജീവിത സാഹചര്യങ്ങളിലും മനോവീര്യം വീണ്ടെടുത്ത് മുന്നോട്ട് ചിന്തിക്കൻ ലക്ഷക്കണക്കിന് മനുഷ്യരെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്ന വാചകങ്ങളാണിവ.

No comments:

Post a Comment