Sunday, March 29, 2020

"തിരിച്ചറിവ് "

കവിത
ശ്രീകാന്ത് നായർ
+2 അദ്ധ്യാപകൻ


"നേരം വെളുക്കുമ്പോൾ കൂവിയുണർത്തുവാൻ നാമൊരു പൂവനെ കൂട്ടിലാക്കി
വീടിനു കാവലായ് വാലാട്ടി നില്ക്കുവാൻ ശുനകനെ ചങ്ങലയാൽ മെരുക്കി
കൊഞ്ചിക്കളിക്കുവാൻ, ഭാവി പറയുവാൻ ശാരികപ്പെണ്ണിനും കൂടൊരുക്കി
പാട്ടൊന്നു പാടിപഠിയ്ക്കുവാൻ കുയിലിനെ
ഒത്തിരി നാളു തടവിലാക്കി
കാട്ടിൽ മദിയ്ക്കുന്ന കൊമ്പനെ വാരിക്കുഴിയിൽ വീഴ്ത്തി മെരുക്കി നമ്മൾ
പൂരപ്പറമ്പുകൾക്കാഘോഷമാകുവാൻ ചങ്ങലയ്ക്കിട്ടു നടത്തി എന്നും
അമ്മപ്പശുവിൻ്റെ പാൽ നുണയാൻ വിട്ടു പൈക്കിടാവിന്നെ ചതിച്ചു നമ്മൾ
അകിടിൽ ചുരത്തിയ അമ്മ തൻ വാത്സല്യം ഊറ്റിക്കറന്നു കുടിച്ചു നിത്യം
തേനീച്ചകൾക്കും കൂടൊരുക്കി ,കൊന്നു
തേനും മുഴുവൻ പിഴിഞ്ഞെടുത്തു
ഒത്തിരിയാളുടെ ഒത്തിരി നാളത്തെ അധ്വാനമെന്തു മധുരമെന്നോ
വർണ്ണക്കിളികളെ കൂട്ടിലാക്കിയെന്നും നോക്കീയിരുന്നു രസിച്ചു നമ്മൾ
വീടിന്നലങ്കാരമാകുവാൻ വർണ്ണ
 മീനുകളെ ചില്ലുകൂട്ടിലാക്കി
എന്നിട്ടും നമ്മൾ ഇന്നൊരു വീട്ടിൽ സന്തോഷമില്ലാതെയിരിക്കയല്ലേ..
കൊറോണ എന്നൊരു ഇത്തിരി ഭീകരൻ
നമ്മേ പിടിച്ചും തടവിലാക്കി
സ്വാതന്ത്ര്യമില്ലാത്ത സ്വാതന്ത്ര്യമെന്തെന്നു
ഇനിനമുക്കും  ഒന്നറിഞ്ഞിരിക്കാം
നമ്മളീ ഭൂമിയിൽ എത്ര നിസാരമാം
ജീവികളെന്നും തിരിച്ചറിയാം"

No comments:

Post a Comment