Monday, May 2, 2022

പഠനകോലായ

     കോവിഡ് മഹാമാരി ലോകത്തെ സ്തംഭിപ്പിച്ച കാലമാണ് കടന്ന് പോയത്. നമ്മുടെ കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസം ഈ സ്തംഭന കാലത്തെ അതിജീവിച്ചത്, നാം ഓരോരുത്തരും അവർക്കായി കൈകോർത്തതിനാലാണ്. അടച്ചിടലിന്റെ കാലഘട്ടത്തിൽ നാം ഓൺലൈൻ വിദ്യാഭ്യാസത്തിനായി കഴിയുന്നതെല്ലാം ചെയ്തു. സ്കൂളുകളോടൊപ്പം പൊതു സമൂഹത്തിന്റെ ഫലപ്രദമായ ഇടപെടലുകളിലൂടെ എല്ലാ കുട്ടികളിലേക്കും ഓൺലൈൻ പഠനം എത്തിക്കാൻ നമുക്കായി.
    എങ്കിലും ദീർഘകാലം നീണ്ടു നിന്ന ഓൺലൈൻ പഠനകാലം ചില പഠന വിടവുകൾ പല കുട്ടികളിലും സൃഷ്ടിച്ചിരിക്കുന്നു. ഇത്തരം പഠന വിടവുകൾ പരിഹരിക്കാനും നമുക്കാവും. ഇതിനും സ്കൂളിനൊപ്പം പൊതു സമൂഹം നിലകൊള്ളും എന്ന ബോധ്യത്തിൽ നിന്നാണ് പി.എം.എസ്.എ ഹയർ സെക്കന്ററി സ്കൂൾ പഠനകോലായ എന്ന പേരിൽ അവധിക്കാല കൂട്ടായ്മകൾക്ക് രൂപം നൽകിയത്.

    ഓരോ പ്രദേശങ്ങളിലെ വായശാലകൾ, ക്ലബ്ബുകൾ, അംഗനവാടികൾ, മറ്റ് പൊതുഇടങ്ങൾ, കുട്ടികളുടെ വീടുകൾ എന്നിവ കേന്ദ്രീകരിച്ച് ആപ്രദേശത്തെ കുട്ടികൾ കൂടിയിരിക്കുകയും, രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും മറ്റ് വ്യക്തികളുടെയും നേതൃത്വത്തിൽ ലഘു പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുക. ഇതിലൂടെ കുട്ടിക്ക് ലഭിക്കാതെ പോയ ശേഷികൾ നേടി പഠനവിടവ് നികത്തുക എന്നതാണ് പഠനകോലായ കൊണ്ട് ഉദ്ദേശിച്ചത്.

    ഇത്തരം ഒരു പരിപാടിയുടെ ആശയവുമായി മുന്നോട്ടിറങ്ങിയപ്പോൾ രക്ഷിതാക്കളും ജനപ്രതിനിധികളും യുവസമൂഹവും മറ്റ് പൗരമുഖ്യരുമടങ്ങുന്ന പൊതുജനം വലിയ പിൻതുണയാണ് സ്കൂളിന് നൽകിയത്. സ്കൂളിന്റെ സമീപ പ്രദേശങ്ങളിലെല്ലാം പഠനകോലായകൾ രൂപീകരിച്ചു. രൂപീകരണ യോഗങ്ങളിൽ നിരവധി നാട്ടുകാർ പങ്കെടുത്തു. പഠനകോലയ വിഭാവനം ചെയ്ത പ്രവർത്തനങ്ങൾ പ്രാവർത്തികമാക്കാൻ കുട്ടികളോടും രക്ഷിതാക്കളോടുമൊപ്പം പൊതുസമൂഹം വീണ്ടും കൈകോർത്ത് നിൽക്കുകയാണ്




























  

Wednesday, May 19, 2021